പാലക്കാട്: സി.പി.എം. മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാർട്ടി നേതാവിൻ്റെ ഭാഗത്തുനിന്ന് അത്തരമൊരു ഭീഷണി ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെ എങ്ങനെ പെരുമാറണമെന്നും വ്യക്തത വേണം. അത് മനസ്സിലാക്കി പെരുമാറിയില്ലെങ്കിൽ പരിശോധിക്കും. "ഇതെല്ലാം ഞങ്ങൾ പരിശോധിക്കുന്നുണ്ട്," അദ്ദേഹം വ്യക്തമാക്കി. എന്നാൽ "ഇല്ലാത്ത കഥകളാണ് മെനഞ്ഞുണ്ടാക്കുന്നതെന്ന" നിലപാടും സുരേഷ് ബാബു മുന്നോട്ടുവെച്ചു.
അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെയാണ് സി.പി.എം. അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ "തട്ടിക്കളയുമെന്നും" "പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ്" സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ജംഷീർ ആവശ്യപ്പെട്ടപ്പോൾ രാമകൃഷ്ണൻ അതിന് സാധ്യമല്ലെന്ന് പറയുന്നു. തുടർന്നാണ് "ഞങ്ങൾക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്ന്" ജംഷീർ ഭീഷണി മുഴക്കുന്നത്.
അതേസമയം, പത്രിക പിൻവലിക്കില്ലെന്ന് വി.ആർ. രാമകൃഷ്ണൻ അറിയിച്ചു. "അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നത്. അതിനെതിരെ പോരാടാനാണ് തൻ്റെ തീരുമാനം," അദ്ദേഹം വ്യക്തമാക്കി.