തിരുവനന്തപുരം: ബെംഗളൂരു യെലഹങ്കയിലെ സന്ദർശനത്തിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഇംഗ്ലീഷ് പ്രയോഗങ്ങളെച്ചൊല്ലിയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി എ.എ. റഹീം എംപി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാൽ അത് തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.(There is only one language for human sorrows, AA Rahim responds to trolls)
യെലഹങ്കയിലെ ഫക്കീർ കോളനിയിൽ ഭരണകൂടം വീടുകൾ ഇടിച്ചുനിരത്തിയതിനെത്തുടർന്ന് ഇരകളെ സന്ദർശിക്കാനെത്തിയതായിരുന്നു റഹീം. ഈ സന്ദർശനത്തിനിടെ നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾക്ക് വഴിവെച്ചത്.
"എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് വെറുപ്പില്ല. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ." എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം വരുന്ന സാധാരണക്കാരുടെ ശബ്ദം ലോകത്തെ അറിയിക്കുക എന്നതായിരുന്നു സന്ദർശന ലക്ഷ്യം. ആ യാത്രയിൽ തികഞ്ഞ അഭിമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെറ്റില്ലാതെ വിവിധ ഭാഷകൾ സംസാരിക്കുന്നവർ ആരും തന്നെ ബുൾഡോസറുകൾ ജീവിതം തകർത്ത പാവങ്ങളുടെ അരികിലേക്ക് എത്തിയില്ലെന്ന് റഹീം ചൂണ്ടിക്കാട്ടി.
തന്റെ ഭാഷാശൈലി ഇനിയും കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, തന്റെ ഭാഷയെ പരിഹസിക്കുന്ന തിരക്കിൽ ഇരയാക്കപ്പെട്ട മനുഷ്യരുടെ ചോദ്യങ്ങൾ കാണാതെ പോകരുതെന്നും ഓർമ്മിപ്പിച്ചു. "എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും അതിലെ സാധുക്കളായ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്," എ.എ. റഹീം പറഞ്ഞു.