'CPM ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു, ദേശഭക്തിപരമായ ഗാനം പാടിയതിൽ തെറ്റില്ല': വന്ദേഭാരത് ഗണഗീത വിവാദത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ | RSS

'CPM ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു, ദേശഭക്തിപരമായ ഗാനം പാടിയതിൽ തെറ്റില്ല': വന്ദേഭാരത് ഗണഗീത വിവാദത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ | RSS

കോൺഗ്രസിനെ തിരുത്താൻ നേതൃത്വം ആദ്യം ശിവകുമാറിനെ ഉപദേശിക്കണം എന്നും ജോർജ് കുര്യൻ പറഞ്ഞു
Published on

കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇത് മറ്റ് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.എമ്മിൻ്റെ ശ്രമമാണെന്നും, കുട്ടികൾ ദേശഭക്തിപരമായ ഗാനം ആലപിച്ചതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.(There is nothing wrong with singing patriotic songs, Union Minister on Vande Bharat RSS hymn controversy)

വിവാദമുണ്ടാക്കുന്ന സി.പി.എമ്മിനെതിരെ കേന്ദ്രമന്ത്രി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. "ഇത് മറ്റുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.എം. ശ്രമമാണ്. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ.എസ്.എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആർ.എസ്.എസ്. പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ? കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണഗീതം പാടിയ കുട്ടികൾക്കെതിരെ വിമർശനമുയർത്തിയ കോൺഗ്രസിനെ തിരുത്താൻ കോൺഗ്രസ് നേതൃത്വം ആദ്യം ശിവകുമാറിനെ ഉപദേശിക്കണം എന്നും ജോർജ് കുര്യൻ പറഞ്ഞു. കൂടാതെ, ബി.ജെ.പി. പ്രവർത്തകർ എല്ലാ വേദികളിലും ഈ ഗാനം ആലപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തനിക്ക് ഗണഗീതം പാടാൻ അറിയില്ലെന്നും, ശാഖയിൽ പോയിട്ടില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, കുട്ടികൾ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ ദക്ഷിണ റെയിൽവേ വീണ്ടും പോസ്റ്റ് ചെയ്തു. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം കൂടി ചേർത്താണ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത് ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയും പിന്നീട് പിൻവലിക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയുമായിരുന്നു.

Times Kerala
timeskerala.com