കൊച്ചി: കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ദീപ്തി മേരി വർഗീസിനുള്ള വിഷമം സ്വാഭാവികമാണെന്നും എന്നാൽ പരാതികൾ പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.(There is nothing wrong with Deepthi's wishes, should accept party's decision, says KC Venugopal on Kochi Mayor selection)
1987-ൽ താൻ കെഎസ്‌യു പ്രസിഡന്റായിരുന്ന കാലത്ത് മഹാരാജാസ് കോളേജിലെ കരുത്തയായ പ്രവർത്തകയായിരുന്നു ദീപ്തിയെന്നും അന്നു മുതൽ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന സഹോദരിയാണെന്നും അദ്ദേഹം അനുസ്മരിച്ചു. ദീപ്തി മേയർ പദവി ആഗ്രഹിച്ചതിലോ അത് ലഭിക്കാത്തതിൽ വിഷമിച്ചതിലോ തെറ്റില്ല. എന്നാൽ എല്ലാ വിഭാഗങ്ങളെയും സമുദായങ്ങളെയും പരിഗണിച്ചാണ് കോൺഗ്രസ് ഇത്തരം പദവികളിൽ തീരുമാനമെടുക്കുന്നത്. പാർട്ടി തീരുമാനമെടുത്താൽ അത് അനുസരിക്കാൻ ദീപ്തി തയ്യാറാകണം.
മേയർ പദവി തീരുമാനിച്ചത് കൗൺസിലർമാരുടെ അഭിപ്രായം തേടിയും കെപിസിസിയുമായി കൂടിയാലോചിച്ചും ആണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ വ്യക്തമാക്കി. ഗ്രൂപ്പ് മാനേജർമാർ ഭീഷണിപ്പെടുത്തിയെന്ന അജയ് തറയിലിന്റെ ആരോപണം ശരിയല്ലെന്നും അത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ആർക്കും അനീതി കാട്ടിയിട്ടില്ല. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുമ്പോഴും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കും. ഗ്രൂപ്പുകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും വലിയ വിജയത്തിന് പിന്നാലെ ഇത്തരം വിവാദങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശൻ ആർക്കെങ്കിലും ഉറപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് അക്കാര്യം അദ്ദേഹം തന്നെ പറയട്ടെ എന്നായിരുന്നു ഡൊമിനിക്കിന്റെ മറുപടി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് പാർട്ടിയുടെ ശ്രമമെന്നും അദ്ദേഹം ഉറപ്പുനൽകി.