തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരമുണ്ടെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നടത്തിയ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ഇതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ ആയുധം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.(There is no public sentiment against the government, says MV Govindan)
ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നെന്ന പ്രചാരണം സർക്കാരിനെതിരെ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് ഉന്നത നേതൃത്വവുമായുള്ള ബന്ധം പുറത്തുവന്നതോടെ അവർ പ്രതിക്കൂട്ടിലായി. "സ്വർണം കട്ടയാളും വിറ്റയാളും എന്തിനാണ് സോണിയ ഗാന്ധിയെ കാണാൻ പോയത്?" എന്ന് അദ്ദേഹം ചോദിച്ചു.
എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ നീങ്ങുമ്പോഴാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ എതിർക്കുന്നത്. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് യുഡിഎഫ് ഒളിച്ചോടിയത് സോണിയാ ഗാന്ധിയുമായുള്ള ബന്ധം ചർച്ചയാകുമെന്ന് ഭയന്നാണെന്നും ഗോവിന്ദൻ പരിഹസിച്ചു. യുഡിഎഫിന്റെ കള്ളക്കഥകൾക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണ്. എന്നാൽ ഇപ്പോൾ സത്യം പുറത്തുവന്നതോടെ മാധ്യമങ്ങൾക്കും യുഡിഎഫിനും പഴയ ഉശിരില്ലാതായെന്നും ആയുധം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി കൊട്ടിഘോഷിച്ചെങ്കിലും പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒന്നും സംഭവിച്ചില്ല. വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടിയില്ലെന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ പദ്ധതി തടയാൻ നോക്കിയവരാണ് കോൺഗ്രസ്. പ്രദേശത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചവർ ഇപ്പോൾ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നത് നിശ്ചയദാർഢ്യമില്ലാത്തതുകൊണ്ടാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വർഗീയ പ്രചാരണത്തിൽ വീണുപോയ ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ തെറ്റ് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ എൽഡിഎഫിന്റെ അടുത്ത പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കടുത്ത ജാഗ്രതയോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫണ്ട് വിനിയോഗത്തിൽ ഒരു തരത്തിലുള്ള ക്രമക്കേടും പാർട്ടി അംഗീകരിക്കില്ലെന്നും ഇത്തരം കാര്യങ്ങളിൽ ആർക്കും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫണ്ട് തട്ടിപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ഗോവിന്ദൻ ആവർത്തിച്ചു. പരാതിയുള്ളവർക്ക് പോലീസിനെ സമീപിക്കാവുന്നതാണ്. എന്നാൽ സംഘടനാപരമായ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതാണെന്നും അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫണ്ട് വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയാണ് സെക്രട്ടറി നൽകിയത്. വിഷയം നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പരിധിയിലാണ്. ജില്ലാ സെക്രട്ടറിക്ക് കാര്യങ്ങളെല്ലാം ബോധ്യമുണ്ട്. സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സാഹചര്യം വന്നാൽ മാത്രം അക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾ പാർട്ടി നിർദ്ദേശപ്രകാരമുള്ളതല്ല. അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് സ്വന്തം നിലയ്ക്കാണ്. ഇതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടി താക്കീത് ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിന് അതിവേഗ റെയിൽ പാത അത്യന്താപേക്ഷിതമാണെന്നും ഇതിനായി സാധ്യമായ എല്ലാ വഴികളും സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.