

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നതെങ്കിലും ജനങ്ങൾക്ക് വസ്തുത ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(There is no protection for anyone who commits a crime, says MV Govindan)
മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മതതീവ്രവാദ നിലപാടുകളാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റിലായ സാഹചര്യത്തിൽ, ശബരിമല വിഷയത്തിലും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.പി.എം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അയ്യപ്പൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടമാകരുത് എന്ന് തന്നെയാണ് പാർട്ടിയുടെ നിലപാട്.
നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. യു.ഡി.എഫ്. ആകട്ടെ, അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് വാദം ഉന്നയിക്കുകയുമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സി.പി.എമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സി.പി.എം. നിലപാട് സ്വീകരിക്കുന്നത്. ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണത്തെ പൂർണ്ണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവരുടെ കോൺഗ്രസ് ബന്ധം അടക്കം പുറത്തുവന്നിരുന്നു. കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ലെന്നും കുറ്റവാളികൾക്ക് ശിക്ഷ നൽകണമെന്നുമാണ് നിലപാടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.