
കൊച്ചി: പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ പീഡനമല്ലേ നടന്നതെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസർ. സംഭവത്തിൽ ജില്ലാ ലേബര്‍ ഓഫീസർ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചു. കേസിൽ ചില കാര്യങ്ങളിൽ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു.
സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. എന്നാല്‍ സമ്മര്‍ദം കൊണ്ടാണ് യുവാക്കള്‍ മൊഴി മാറ്റി പറയുന്നതെന്നും സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്‍ ജീവനക്കാരന്‍ മനാഫ് വ്യതമാക്കി.
കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ ഇന്നലെയാണ് വാർത്തകളിൽ വന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം നിഷേധിക്കുകയാണ്. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനെന്നും ഇവർ പറയുന്നു.
പല വട്ടം ചോദ്യംചെയ്‌തിട്ടും ദൃശ്യങ്ങളിലുള്ള യുവാക്കള്‍ എല്ലാം നിഷേധിക്കുകയായിരുന്നു.തുടർന്നാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയത്. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ നടപടി വേണമെന്നും ദൃശ്യങ്ങളിലുള്ള യുവാക്കൾ ആവശ്യപ്പെട്ടു.
തൊഴില്‍ പീഡന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് തൊഴില്‍ വകുപ്പ്. സ്ഥാപനങ്ങളിൽ തൊഴിൽ പീഡനം റിപ്പോർട്ട് ചെയ്‌താൽ ശക്തമായ നടപടി ഉണ്ടാകുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.