
തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ (ADM Naveen Babu ) പരസ്യമായി അപമാനിക്കാന്‍ സിപിഎം നേതാവും , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയുമായ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് ദിവ്യക്കെതിരായ നിർണായക മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി.