‘ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍ | Shashi Tharoor

‘ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍ | Shashi Tharoor
Updated on

പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം വിവാദമായതിന് പിന്നാലെ പുതിയ കൂട്ടിച്ചേര്‍ക്കലുമായി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് പ്രശംസിച്ചാണ് വിശദീകരണം. (Shashi Tharoor)

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായെന്നും അത് മനപ്പൂര്‍വമല്ലെന്നും തരൂര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ല.

ആ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു.

സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.

Related Stories

No stories found.
Times Kerala
timeskerala.com