തിരുവനന്തപുരം: അർജന്റീന ടീമിന്റെയും മെസ്സിയുടെയും കേരള സന്ദർശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടിയാണ് ചില വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മാധ്യമ മേഖലയിൽ ചില ക്രിമിനലുകൾ ഉണ്ടെന്നും അവരെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.(There are some criminals in the media sector, says Rajeev Chandrasekhar)
സ്വയം ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളെ രാജീവ് ചന്ദ്രശേഖർ ശക്തമായി തള്ളിക്കളഞ്ഞു. "എന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ല. ബിപിഎൽ കമ്പനി തന്നെ ഇത് സംബന്ധിച്ച് വ്യക്തമായ വാർത്താക്കുറിപ്പിറക്കിയിട്ടുണ്ട്. കുറെ നാളായി ഈ ആരോപണങ്ങൾ ഞാൻ നേരിടുന്നുണ്ട്. എന്നെക്കുറിച്ച് നുണ പറഞ്ഞതുകൊണ്ട് അവർ രക്ഷപ്പെടാൻ പോകുന്നില്ല," അദ്ദേഹം പറഞ്ഞു.
"എന്നെ ടാർഗറ്റ് ചെയ്യാൻ നോക്കിയാൽ അത് നടക്കില്ല. നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും. ശബരിമല, എക്സാലോജിക്, മെസി തട്ടിപ്പുകൾ നമ്മൾ കണ്ടു. കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയിൽ കറപുരണ്ട മാധ്യമദല്ലാളൻമാരുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയ-മാധ്യമ ശുദ്ധീകരണം ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള നിലവിലെ വിവാദം ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പദ്ധതി വായിച്ചു നോക്കിയാൽ കാര്യങ്ങൾ വ്യക്തമാണ്. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള ഈ പദ്ധതി അഞ്ചു വർഷം നടപ്പാക്കാതെ വെച്ചു. ഏറ്റവും ഒടുവിൽ ഒപ്പുവച്ചിട്ട് സി.പി.എമ്മും സി.പി.ഐയും പരസ്പരം പഴിചാരൽ നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കൊള്ളയിൽ മന്ത്രി വി.എൻ. വാസവൻ്റെ രാജി ആവശ്യപ്പെടുമെന്നും, ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൻ്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നത് ജനശ്രദ്ധ തിരിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ കേന്ദ്രപദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ്. ലോകബാങ്ക് കണക്ക് പ്രകാരം കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് 17 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നു. കേരളത്തിൽ പുറത്തുവന്നത് 2.72 ലക്ഷം മാത്രമാണ്. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികൾ വഴിയാണ് ദാരിദ്ര്യനിർമ്മാർജനം സാധ്യമായതെന്നും, 99 ശതമാനവും നരേന്ദ്ര മോദിയുടെ പദ്ധതികളാണെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.