
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് ഫേസ്ബുക് പോസ്റ്റിട്ട യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ പോസ്റ്റ് പിൻവലിച്ചു. "മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഇല്ല, പിരിച്ചു വിട്ടോട്ടെ" എന്നായിരുന്നു ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും അതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും തെറ്റാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മെഡിക്കൽ കോളജ് പ്രതിസന്ധിയിലാണെന്നായിരുന്നു ഡോക്ടറുടെ കുറിപ്പ്. ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രാജിക്കൊരുങ്ങിയിരുന്നു. മകന്റെ പ്രായമുള്ള വിദ്യാർഥിയുടെ അടക്കം ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നു എന്നുമാണ് യൂറോളജി വിഭാഗം മേധാവി ഹാരിസ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
എന്നാൽ, പോസ്റ്റ് പിൻവലിച്ചതിനു പിന്നാലെ പുതിയ പോസ്റ്റുമായി ഡോക്ടർ ഹാരിസ്. പോസ്റ്റ് പിൻവലിക്കുന്നുവെന്നും തെറ്റുകാരൻ അല്ല എന്നും ഡോക്ടർ. "സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയും ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ്. അതിനോട് നീതിപുലർത്താൻ തനിക്ക് കഴിയുന്നില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം. പോസ്റ്റ് പിൻവലിക്കുന്നു. പരിമിതികളാണ് എനിക്ക് ചുറ്റും. ഞാൻ തെറ്റുകാരനല്ല. വകുപ്പ് മേധാവി ആയതിനുശേഷം ഒരുപാട് ആൾക്കാരെ സാറേ എന്ന് വിളിച്ചു. ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നു. ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥത പുലർത്തുന്നയാളാണ് താൻ." - ഹാരിസ് ചിറക്കൽ തന്റെ പുതിയ പോസ്റ്റിൽ പറയുന്നു.