

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടകവീട്ടിൽ മോഷണം. മോൻസൺ തട്ടിപ്പിനായി ഉപയോഗിച്ച പുരാവസ്തുക്കൾ എന്ന് അവകാശപ്പെട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.(Theft at Monson Mavunkal's house; Complaint of loss of items worth Rs 20 crores)
ഏകദേശം 20 കോടി രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൻസന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടാക്കൾ വീടിന്റെ സി.സി.ടി.വി. ക്യാമറകൾ പൊളിച്ചു മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്.
നിലവിൽ പരോളിലുള്ള മോൻസൺ മാവുങ്കലുമായി പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയാണ്. വീടിന്റെ ഉടമസ്ഥർ മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോൻസൺ മാവുങ്കലും മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകുമെന്ന് ഇയാളുടെ അഭിഭാഷകൻ അറിയിച്ചു.
സംഭവത്തിൽ കൊച്ചി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോൻസൺ തട്ടിപ്പ് കേസിൽ നിർണ്ണായകമായേക്കാവുന്ന ഈ വസ്തുക്കൾ മോഷണം പോയത് കേസിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.