എറണാകുളം : പല്ലംതുരുത്ത് റോഡിലെ ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ നാലുപേർ അറസ്റ്റിൽ. വെടിമറ തോപ്പിൽപറമ്പിൽ മുഹമ്മദ് സഫർ (19), കരടത്ത് വീട്ടിൽ അദിനാൻ (18) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.
ഔട്ട്‌ലെറ്റ് അവധിയായിരുന്ന തിങ്കൾ പുലർച്ചെ രണ്ടിനാണ് ഇവർ മോഷണം നടത്തിയത്. ഔട്ട്‌ലെറ്റിന്റെ താഴത്തെ കൗണ്ടറിന്റെ മുന്നിലെ ഷട്ടറിന്റെ താഴുകൾ തകർത്ത് അകത്തുകയറിയ സംഘം അകത്തുകൂടിത്തന്നെ മുകളിലെ പ്രീമിയം കൗണ്ടറിലെത്തി വിലകൂടിയ മദ്യക്കുപ്പികൾ മോഷ്‌ടിക്കുകയായിരുന്നു.
12 മദ്യക്കുപ്പികളും മൊബൈൽ ഫോണും 2000 രൂപയുമാണ് മോഷ്‌ടിച്ചത്. മോഷ്‌ടിച്ച വസ്‌തുക്കൾ ഇവരിൽനിന്ന് കണ്ടെടുത്തു. പ്രായപൂർത്തിയാക്കത്ത രണ്ടുപേരെ കാക്കനാട് ജുവനൈൽ കോടതിയിൽ ഹാജരാക്കി.