അക്കിക്കാവ് പൂരത്തിന് 13.50 ലക്ഷം രൂപ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക | Thechikottukavu Ramachandran

കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
അക്കിക്കാവ് പൂരത്തിന് 13.50 ലക്ഷം രൂപ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക | Thechikottukavu Ramachandran
Published on

തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷക്കമ്മിറ്റി പകൽ പൂര എഴുന്നള്ളത്തിന് മാത്രമായി ആനയെ ഏക്കത്തിനെടുത്തത് 13.50 ലക്ഷം രൂപയ്ക്കാണ്.(Thechikottukavu Ramachandran breaks another record)

കഴിഞ്ഞ വർഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് രാമചന്ദ്രനെ ഏക്കത്തിനടുത്ത് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ കൊങ്ങണൂർ ദേശം മറികടന്നിരിക്കുന്നത്.

ഫെബ്രുവരി ഏഴിനാണ് അക്കിക്കാവ് പൂരം നടക്കുന്നത്. ചീരംകുളം ചെമ്മണൂർ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂർ ദേശത്തിനൊപ്പം ആനയെ ലേലത്തിൽ എടുക്കാൻ മത്സരിച്ചത്. തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്. പകൽ പൂരത്തിന് ഉച്ചതിരിഞ്ഞ് നിശ്ചിത സമയത്തിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാറുള്ളത്. രാത്രി പൂരത്തിന് മറ്റൊരു ആനയെയാണ് പകരമായി എഴുന്നള്ളിക്കുക.

കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന രാമചന്ദ്രനെ ആനപ്രേമികൾ 'രാമരാജൻ' എന്നാണ് വിളിക്കുന്നത്. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും രാമചന്ദ്രനാണ്. ഇദ്ദേഹത്തിന്റെ പേരിൽ നിരവധി ഫേസ്ബുക്ക് പേജുകളും വാട്സാപ് കൂട്ടായ്മകളുമുണ്ട്.

കേരളത്തിലെ ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുമ്പോൾ 'മോട്ടിപ്രസാദ്' എന്നായിരുന്നു പേര്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ.എൻ. രാമചന്ദ്ര അയ്യരായിരുന്നു ആദ്യ ഉടമ. പിന്നീട് തൃശ്ശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി 'ഗണേശൻ' എന്ന് പേരിട്ടു. 1984-ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോഴാണ് 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ' എന്ന പേര് ലഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com