തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് എം.എം. ഹസ്സൻ. രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസ്സം നിൽക്കില്ല. തൻ്റെ ഭാഗം തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്.(The way the complaint was filed is strange, MM Hassan on Rahul Mamkootathil issue)
പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്? യുവതി പരാതി നൽകിയ രീതി വിചിത്രമാണ്. അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും. പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം.എം. ഹസ്സൻ ആരോപിച്ചു.
"മുഖ്യമന്ത്രിക്ക് നേരിട്ടല്ലല്ലോ, പൊലീസ് സ്റ്റേഷനിലല്ലേ പരാതി കൊടുക്കേണ്ടത്? മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണോ പരാതി വാങ്ങേണ്ടത്?" – അദ്ദേഹം ചോദിച്ചു. സസ്‌പെൻഷൻ കടുത്ത ശിക്ഷയാണ്. കുറ്റം തെളിഞ്ഞാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. രാഹുലിന് രാഷ്ട്രീയ പിന്തുണയില്ല. സി.പി.എം. ജയിലിൽ അടച്ചവരെ പോലും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.