
വിവാദങ്ങള്‍ക്കൊടുവില്‍ 'ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള'യുടെ ഒഫീഷ്യൽ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവരുടെ തകർപ്പൻ പെർഫോമൻസും പഞ്ച് ഡയലോഗുകളും കൊണ്ട് ത്രിൽ അടിപ്പിക്കുന്ന രീതിയിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.
സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏഴു ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേർത്തിട്ടുണ്ട്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ഏഴ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്.
കൂടാതെ, ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.