പത്തനംതിട്ട: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്നുപോയി. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് തള്ളിയാണ് ഹെലികോപ്റ്റർ മുന്നോട്ട് നീക്കിയത്. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.(The tires of the President's helicopter sank into the concrete)
രാഷ്ട്രപതിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ സുരക്ഷിതമായിത്തന്നെയാണ് പ്രമാടത്ത് ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷമാണ് ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്.
തിരുവനന്തപുരത്തുനിന്ന് എത്തിയ ഹെലികോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. തുടർന്നാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡ് തയ്യാറാക്കിയത്. രാവിലെയാണ് ഹെലിപാഡിൻ്റെ കോൺക്രീറ്റ് നിർമ്മാണം പൂർത്തിയായത്. പ്രതലം പൂർണ്ണമായും ഉറയ്ക്കാത്തതാണ് ടയറുകൾ താഴാൻ കാരണം.
രാവിലെ 9.05-ന് പ്രമാടത്ത് ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് തിരിച്ചു. ഗൂർഖ വാഹനവ്യൂഹത്തിലാണ് രാഷ്ട്രപതിയുടെ യാത്ര. 11.50-ഓടെ രാഷ്ട്രപതി സന്നിധാനത്തെത്തും.
പമ്പ ഗണപതിക്ഷേത്രത്തിൽ വെച്ചാണ് കെട്ടുനിറയ്ക്കുന്നത്. ക്ഷേത്രമേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരാണ് കെട്ടുനിറച്ചുനൽകുന്നത്. 50 പേർക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം പമ്പയിൽ ഒരുക്കിയിട്ടുണ്ട്.
ശബരിമല ദർശനം പൂർത്തിയാക്കിയ ശേഷം സന്നിധാനത്തെ പ്രധാന ഓഫീസ് കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ രാഷ്ട്രപതി രണ്ടുമണിക്കൂർ വിശ്രമിക്കും. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈ കെട്ടിടത്തിൽ പുതുക്കിയ അടുക്കളയിൽ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതി ഭവൻ ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 3.10-ന് സന്നിധാനത്തുനിന്ന് മടങ്ങുന്ന രാഷ്ട്രപതി, 4.20-ന് നിലയ്ക്കൽനിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും