ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാണെന്ന് പറയുന്ന കാലം വിദൂരമല്ല : മന്ത്രി എം.ബി രാജേഷ്

MB Rajesh on Vincy Aloshious revelation
Published on

കേരളം അതി വേഗത്തിൽ നഗരവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാണെന്ന് പറയുന്ന കാലം വിദൂരമല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരള അർബൻ കോൺക്ലേവ് 2025-ൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2035 ആകുമ്പോഴേക്കും കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നഗരവാസികൾ ആയിരിക്കും. 85 മുതൽ 95 ശതമാനം ആളുകളും നഗരവാസികൾ ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളമാകെ നഗരമായി ക്കൊണ്ടിരിക്കുകയാണ് എന്നാണ് അതിൻ്റെ അർത്ഥം. എന്നാൽ ലോകത്ത് മറ്റിടങ്ങളിലുള്ളത് പോലെയുള്ള നഗരവൽക്കരണമല്ല കേരളത്തിലേത്.

നഗര ഗ്രാമ വ്യത്യാസം ഇല്ലാതായി ക്കൊ ണ്ടിരിക്കുകയാണ്. എവിടെയാണ് ഗ്രാമം അവസാനിക്കുന്നത്, എവിടെ നഗരം ആരംഭിക്കുന്നു എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലേത്. വലിയ സാധ്യതകളാണ് ഇതുവഴി തുറന്നിടുന്നത്. അതുപോലെ തന്നെ വെല്ലുവിളികളും. അതിനാൽ

നഗരവൽക്കരണത്തെ വളരെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. കൃത്രിമമായി അപഗ്രഥിച്ച് മികച്ച രീതിയിൽ നടപ്പാക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വ്യക്തവും വിശാലവുമായ നയവും അത്യാവശ്യമാണ്.

അതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട നഗരകാര്യ വിദഗ്ധരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ പോളിസി കമ്മീഷൻ രൂപീകരിച്ചിരുന്നു. ഈ കമ്മീഷൻ സംസ്ഥാനമുടനീളം സഞ്ചരിച്ച് വിവിധ തുറകളിൽ ഉള്ള ജനങ്ങളുടെ നേരിട്ട് കണ്ട് ആശയവിനിമയം നടത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗരവൽക്കരണത്തെ ശാസ്ത്രീയമായും സമഗ്രമായും സമീപിക്കുന്നത്. നഗര മന്ത്രിസഭ ഉൾപ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തരത്തിലുള്ള നൂതനമായ ശുപാർശകൾ ചർച്ച ചെയ്യുന്നതിനാണ് അർബൻ കോൺക്ലേവ് 2025 നടപ്പാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 12, 13 തീയതികളിലായി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ ഇന്ത്യക്ക് അകത്തും പുറത്തുള്ള നഗരകാര്യ വിദഗ്ധരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംപിമാരും മന്ത്രിമാരും മേയർമാരും ജനപ്രതിനിധികളും പങ്കെടുക്കും. അവരുടെ അനുഭവങ്ങളും മികച്ച മാതൃകകളും ചർച്ചചെയ്യും. കൊച്ചിയും കേരളവും ലോകവും തമ്മിലുള്ള മുഖാമുഖമായി കോൺക്ലേവ് മാറും എന്ന കാര്യത്തിൽ സംശയമില്ല.

തദ്ദേശ ഭരണത്തിൽ നിരവധി ചുവടുവെപ്പുകൾ നടത്തിയ കാലമാണിതെന്നും മന്ത്രി വ്യക്തമാക്കി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കെ സ്മാർട്ട്. ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശസ്ഥാപനത്തിൽ പോകേണ്ടതില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. ജനന മരണ സർട്ടിഫിക്കറ്റുകൾ മുതൽ കെട്ടിടാനുമതി വരെയുള്ളവ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.

വിപ്ലവകരമായ മാറ്റങ്ങൾ ഉൾപ്പെടുന്ന പുതിയ ലൈസൻസ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 148 കെട്ടിട നിർമ്മാണ ഭേദഗതികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഡിജിറ്റൽ സാക്ഷരതയിലും വലിയ മുന്നേറ്റമാണ് കേരളം കാഴ്ച്ചവെക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ രക്ഷാധികാരിയുമായ സംഘാടക സമിതിയുടെ ചെയർമാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് കോ ചെയർമാൻ. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ വർക്കിംഗ് ചെയർമാനാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിമാരായ അദീല അബ്ദുള്ള ജനറൽ കൺവീനറും ടി.വി അനുപമ കോ ജനറൽ കൺവീനറുമാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രയങ്ക, എന്നിവരാണ് കൺവീനർമാർ.

ഹൈബി ഈഡൻ എം.പി, ബെന്നി ബെഹനാൻ എം.പി, ജി.സി.ഡി.എ അധ്യക്ഷൻ കെ ചന്ദ്രൻ പിള്ള, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ അധ്യക്ഷൻ എം. കൃഷ്ണദാസ് എന്നിവരാണ് വൈസ് ചെയർമാന്മാർ. ജില്ലയിലെ നിയമസഭാ അംഗങ്ങൾ, നഗരസഭ ചെയർമാന്മാർ, മുളവുകാട് പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭാ സെക്രട്ടറിമാർ, കൊച്ചി കോർപ്പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, ട്രിഡ ചെയർമാൻ, ജി.സി.ഡി.എ ജനറൽ കൗൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരാണ് സംഘാടക സമിതിയിലെ മറ്റ് അംഗങ്ങൾ. വിവിധ സബ് കമ്മിറ്റി ഭാരവാഹികളേയും തിരഞ്ഞെടുത്തു.

എറണാകുളം ടൗൺ ഹാളിൽ നടന്ന യോഗത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോൺക്ലേവിൻ്റെ വെബ് സൈറ്റിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പ്രോഗ്രാം നോട്ടീസിൻ്റെ പ്രകാശനം ടി.ജെ വിനോദ് എം.എൽ.എ കെ.ജെ മാക്സി എം.എൽ.എക്ക് നൽകി നിർവഹിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, ആലുവ നഗരസഭ അധ്യക്ഷൻ എം.ഒ ജോൺ, തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, ഏലൂർ നഗരസഭ അധ്യക്ഷൻ എ.ഡി സുജിൽ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രയങ്ക, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിമാരായ അദീല അബ്ദുള്ള, ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ, അർബൻ ഡയറക്ടർ സൂരജ് ഷാജി, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ, ജി.സി.ഡി.എ അധ്യക്ഷൻ കെ. ചന്ദ്രൻപിള്ള, സാംസ്കാരിക - രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com