കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പാനൂരിൽ തുടരുന്ന അക്രമ രാഷ്ട്രീയത്തിനിടെ കൊലവിളിയും തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് 'റെഡ് ആർമി'യിൽ ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. 'നൂഞ്ഞബ്രം സഖാക്കൾ' എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി സന്ദേശം പ്രചരിക്കുന്നത്.(The threatening saga in Panoor continues, Red Army posts footage of bombings)
"പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല. സി.പി.എം. സ്തൂപം തകർത്ത ലീഗുകാരെ കബറടക്കും" എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിയുണ്ട്. ഈ കൊലവിളി പോസ്റ്റുകൾ പ്രദേശത്ത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
പാനൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വടിവാൾ ആക്രമണ സംഭവത്തിൽ അഞ്ച് സി.പി.എം. പ്രവർത്തകരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യു.ഡി.എഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സി.പി.എം. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതിനാണ് കേസ്.
ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാൾ വീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യു.ഡി.എഫ്. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു..