

അലൻ വാക്കർ സംഗീത നിശയ്ക്കിടെയുണ്ടായ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ പിടിയിലായതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമാലദിത്യ. ഇതിൽ രണ്ട് പേരെ കൊച്ചിയിൽ എത്തിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള 4 അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കമ്മീഷണർ അറിയിച്ചു.
ആകെ നഷ്ട്ടപ്പെട്ട 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചുവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഡാൻസിനിടയിലാണ് മോഷണം ഉണ്ടായത്. ഡൽഹിയിൽ നിന്ന് 20 ഫോണും മുംബൈയിൽ നിന്ന് 3 ഫോണും ലഭിച്ചു. കൊച്ചിയിൽ നിന്ന് മോഷ്ടിച്ച എത്ര ഫോൺ തിരികെ ലഭിച്ചു എന്ന് പറയാറായില്ലെന്ന് കമ്മീഷണർ പറഞ്ഞു. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.