തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശി പൂജയുമായി ബന്ധപ്പെട്ട ഹർജിയിൽ ഗുരുവായൂർ ദേവസ്വത്തിന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു.(The Thantri cannot change the Guruvayur Ekadashi Puja all at once for administrative convenience, says Supreme Court)
ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാൻ സാധ്യമല്ല എന്നും, ദേവന്റെ പ്രഭാവം വർധിക്കാനാണ് ഓരോ പൂജയും നടത്തുന്നത് എന്നും പറഞ്ഞ കോടതി, പൂജാ രീതികളെക്കുറിച്ച് വേദഗ്രന്ഥങ്ങളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
തന്ത്രിക്ക് ഒറ്റയടിക്ക് ഈ പൂജാ ക്രമങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വർഷങ്ങളായി പിന്തുടരുന്ന ക്ഷേത്രാചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ചേന്നാസ് മനയിലെ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഹർജിക്ക് പിന്നിലെന്നും ദേവസ്വം ചൂണ്ടിക്കാട്ടിയിരുന്നു.
തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്നും, മാറ്റങ്ങൾ വരുത്തുന്നതിന് ദേവപ്രശ്നം നടത്തണമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിക്കാരുടെ ഈ വാദം പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
തുലാമാസത്തിലെ ഏകാദശി പൂജ നവംബർ രണ്ടിന് നടത്തുന്നതിൽ തടസ്സമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസ് പരിഗണിക്കുന്നതിനാൽ താൻ ഗുരുവായൂരിൽ ദർശനം നടത്തിയില്ലെന്ന് ജഡ്ജി ജെ.കെ. മഹേശ്വരി കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ജസ്റ്റിസ് രവി കുമാറിൻ്റെ മകളുടെ വിവാഹത്തിന് പോയപ്പോഴും മറ്റ് ജഡ്ജിമാർ ദർശനം നടത്തിയപ്പോഴും താൻ ദർശനം ഒഴിവാക്കിയത് ഈ കേസ് പരിഗണിക്കുന്നതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി.