
പത്തനംതിട്ട: മണ്ഡല കാലത്തിന് പരിസമാപ്തി കുറിക്കുന്നതിനോട് അനുബന്ധിച്ച് ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു. തന്ത്രിയുടെ കർമികത്വത്തിൽ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി വരെ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ ദർശനത്തിന് അവസരമുണ്ട്. വൈകിട്ട് ഏഴ് മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. ഇന്നത്തെ ദർശനം കഴിഞ്ഞാൽ രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായാകും ശബരിമല നട തുറക്കുക. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം.