തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട സംഭവത്തിൻ്റെ ഭീകരത പുറത്തുവന്നു. ആക്രമണത്തിന് ഇരയായ പേയാട് സ്വദേശിനി ശ്രീക്കുട്ടിയുടെ (സോനു - 19) കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും പ്രതി അപായപ്പെടുത്താൻ ശ്രമിച്ചു.(The student's friend describes the horror of the Varkala train attack)
ട്രെയിനിൻ്റെ വാതിൽ കമ്പിയിൽ തൂങ്ങിക്കിടന്നാണ് അർച്ചന രക്ഷപ്പെട്ടത്. തലയടിച്ച് ട്രാക്കിൽ വീണ് അതീവ ഗുരുതരാവസ്ഥയിലായ ശ്രീക്കുട്ടി നിലവിൽ സർജറി ഐസിയുവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്.
ആലുവയിൽ പഠനാവശ്യത്തിന് പോയി സുഹൃത്ത് അർച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ശുചിമുറിയിൽ പോയി മടങ്ങിവരും വഴിയാണ് മദ്യപനായ സുരേഷ് കുമാർ എന്ന പ്രതി ആക്രമണം നടത്തിയത്.
"സോനുവിനെ ചവിട്ടി തള്ളിയിട്ടതുകണ്ട് ഞാൻ പകച്ചുനിന്നു. ആ സമയത്ത് എന്നെയും അയാള്‍ പുറത്തേക്കു ചവിട്ടിത്തള്ളിയിട്ടു. ഞങ്ങൾ ശുചിമുറിയിൽ പോയി മടങ്ങുംവഴിയാണ് പരിചയമില്ലാത്ത ഒരാൾ ആക്രമിച്ചത്. വാതിലിന്റെ വശത്തേക്ക് എത്തിയപ്പോൾ അയാള്‍ സോനയെ നടുവിൽ ചവിട്ടി തള്ളിയിടുകയായിരുന്നു. അവൾ തെറിച്ചു വീഴുന്നത് കണ്ട് നിലവിളിച്ച എന്നെയും അയാൾ ചവിട്ടി. കമ്പിയിൽ തൂങ്ങിക്കിടന്ന എന്നെ, നിലവിളി കേട്ടെത്തിയ മറ്റ് യാത്രക്കാരാണ് ട്രെയിനിനുള്ളിലേക്ക് തൂക്കിക്കയറ്റിയത്," അർച്ചന ഭീതിയോടെ പറഞ്ഞു.
പ്രതിയായ പനിച്ചുമൂട് സ്വദേശി സുരേഷ് കുമാർ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നതിലുള്ള ദേഷ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.