
തിരുവനന്തപുരം: എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച കണ്ടെത്തിയതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഹപാഠികളുടെ പീഡനങ്ങൾക്കിരയായ മിഹിർ അഹമ്മദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്കൂള്‍ കുട്ടികളിലെ മാനസിക-ആരോഗ്യപ്രശ്നങ്ങളുടെ വ്യാപനവും തോതും കണ്ടെത്തുന്നതിനും അതിനുള്ള പരിഹാര നടപടികളുടെയും ഭാഗമായാണ് ഈ ശ്രമമെന്നും മന്ത്രി പറഞ്ഞു. (V Sivankutty)
ഗ്ലോബൽ പബ്ലിക് സ്കൂളിന് എൻ.ഒ.സി ലഭിച്ചിട്ടില്ല. രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. മതിയായ രേഖകൾ ഹാജരാക്കുന്നില്ലെങ്കിൽ വിപുലമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുവാദം വാങ്ങാതെ വൻ ഫീസ് ഈടാക്കിയും നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങൾ പാലിക്കാതെയും നടത്തുന്ന നിരവധി സ്കൂളുകൾ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് മുഹ്സിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.