തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സാമൂഹിക വിരുദ്ധർ തകർത്തു. മുല്ലശ്ശേരി രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ 'നേതാജി റോഡിന്റെ' ശിലാഫലകമാണ് ഉദ്ഘാടന ദിവസം രാത്രിയിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു റോഡിന്റെ ഉദ്ഘാടനം.(The stone plaque of the road inaugurated by Suresh Gopi was destroyed )
ഞായറാഴ്ച രാവിലെയാണ് തകർത്ത നിലയിലുള്ള ശിലാഫലകം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തകർത്ത ഫലകത്തിന് മുകളിൽ പുഷ്പചക്രം വെച്ച നിലയിലായിരുന്നു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി പ്രകടനം നടത്തി. സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പോലീസിൽ പരാതി നൽകി. വാർഡ് അംഗം ടി.ജി. പ്രവീൺ, സുനിൽകുമാർ അപ്പു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.