
കൊല്ലം: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താണതിലും വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളൽ വീണതിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ല.പൂർണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്.സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്ലത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി വിശദീകരണം.
ദേശീയപാതയുടെ 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. അവർ തങ്ങളുടെ വീഴ്ച്ചകളെ വീഴ്ച്ചകളായി കണ്ട് നടപടികളിലേക്ക് കടക്കണം. അവരുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത നിര്‍മിക്കുന്നത് മുഴുവന്‍ ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ സംസ്ഥാനത്തിന് ഒരു പൈസയും അതില്‍ ചെലവില്ല.ദേശീയപാതയ്ക്കുളള സ്ഥലം ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.