കൊച്ചി: ലയണൽ മെസ്സിയുടെയും അർജന്റീനിയൻ ടീമിൻ്റെയും കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയം നവീകരണത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെ വിശദീകരണവുമായി സ്പോൺസർ ആൻ്റോ അഗസ്റ്റിൻ രംഗത്ത്. മത്സരം നടന്നാലും ഇല്ലെങ്കിലും കരാർ തീയതിയായ നവംബർ 30-നുള്ളിൽ സ്റ്റേഡിയം നവീകരിച്ച് വിട്ടുനൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.( The stadium will be handed over within the contract date, says Anto Augustine)
അർജന്റീനയുടെ മത്സരത്തിനായി നവീകരിക്കുന്നതിനായുള്ള കരാർ കാലാവധി നവംബർ 30 വരെയാണ്. സ്പോർട്സ് ഫെഡറേഷൻ കേരളയുമായാണ് കരാർ. നവംബർ 30-ന് ശേഷം സ്റ്റേഡിയം പൂർണമായും ജിസിഡിഎക്ക് കൈമാറും. "അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം എനിക്ക് വേണ്ട. തനിക്ക് ഒരു അവകാശവും വേണ്ട. അത്തരത്തിൽ ഒരു അവകാശവും ചോദിച്ചിട്ടുമില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ഒരു ദുരൂഹ ഇടപാടും ഇല്ല എന്നും, നവീകരണത്തിൻ്റെ നഷ്ടം സഹിക്കാൻ തയ്യാറാണ് എന്നും പറഞ്ഞ അദ്ദേഹം, ഇപ്പോൾ ചെയ്യുന്ന നവീകരണം നിർത്താൻ സർക്കാർ ആവശ്യപ്പെട്ടാൽ അതിനും തയ്യാറാണ് എന്നും, മാർച്ചിൽ അർജന്റീന ടീം വരുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും, സർക്കാർ അനുവദിച്ചാൽ മത്സരം നടക്കുമെന്നും വ്യക്തമാക്കി.
ആൻ്റോ അഗസ്റ്റിൻ്റെ വിശദീകരണത്തിന് പിന്നാലെ, നവീകരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി ഹൈബി ഈഡൻ എം.പി. വീണ്ടും രംഗത്തെത്തി. സാങ്കേതിക പരിജ്ഞാനമുള്ളവരാണോ നവീകരണം നടത്തുന്നത് എന്നതിൽ വ്യക്തതയില്ല എന്നും, നവീകരണത്തിൻ്റെ കാര്യം ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം തുറന്നടിച്ചു.
നവീകരണ ജോലികളെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ, മത്സരത്തിലൂടെ സ്വകാര്യ സ്പോൺസർഷിപ്പ് വഴി പ്രതീക്ഷിക്കുന്ന വരുമാനം ആർക്കാണ് എന്നും, സർക്കാരിനോ, ജിസിഡിഎക്കോ, അതോ സ്പോൺസർക്കോ ആണോ വരുമാനമെന്നും അദ്ദേഹം ചോദിച്ചു.