പാലക്കാട്: മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ കീഴടങ്ങിയ സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി ഹരിദാസൻ്റെ മൊഴി പുറത്തുവന്നു. പിടിച്ചെടുത്ത സ്പിരിറ്റ് കള്ളിൽ കലക്കാനാണ് എത്തിച്ചതെന്നാണ് മീനാക്ഷിപുരം പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ഹരിദാസൻ വെളിപ്പെടുത്തിയത്.(The spirit was brought to mix with toddy, Statement of the arrested CPIM local secretary)
പ്രദേശത്തെ കള്ള് ചെത്തുന്ന തോപ്പുകളിലേക്കായാണ് സ്പിരിറ്റ് എത്തിച്ചത് എന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസൻ ഇന്നലെ (ബുധനാഴ്ച) മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണയ്യൻ എന്നയാളുടെ പക്കൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ഹരിദാസൻ ഒളിവിൽ പോയിരുന്നു. അറസ്റ്റിലായ കണ്ണയ്യൻ നൽകിയ മൊഴി പ്രകാരം എൽ.സി. സെക്രട്ടറി ഹരിദാസും സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് വിവരം. സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നും കണ്ണയ്യൻ മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഹരിദാസനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
കൂടുതൽ പ്രതികൾ: ഹരിദാസന് സ്പിരിറ്റ് എത്തിച്ചുനൽകിയ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ ഹരിദാസനെ സി.പി.ഐ.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചതിനുമാണ് നടപടിയെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി അറിയിച്ചു.