പറവൂര്‍ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് ജി സുധാകരന്‍ കത്തയച്ചു.
വി എസ് പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് മതിപ്പുളവാക്കുന്ന നടപടിയായിരിക്കുമെന്ന് ജി സുധാകരന്‍ കത്തിൽ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം.....
വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. സര്‍ക്കാരിന് ജനങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കും ഇത്. അദ്ദേഹത്തിന്റെ ഭവനത്തിന് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.
ഹൈസ്‌കൂള്‍ വിഭാഗവും ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിഭാഗവും റോഡിന് തെക്കും വടക്കും ആയിട്ടാണ്. രണ്ടിനും വി.എസ്സിന്റെ പേര് നല്‍കുന്നത് നന്നായിരിക്കും. അങ്ങയുടെ ഉത്തരവ് വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നു.
ഇക്കഴിഞ്ഞ ജൂലൈ 21നാണ് വി എസ് അച്യുതാനന്ദന്‍ മരണപ്പടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.