
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ കൈവഴിയായ പായം കല്ലിപ്പറമ്പ് തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കണ്ടെത്തിയ സംഭവത്തിൽ മാലിന്യം തള്ളിയ സ്കൂൾ അധികൃതരെ വരുത്തി തിരിച്ചെടുപ്പിച്ചു. സ്കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പ്രധാനാധ്യാപിക സെലിൻ, പി.ടി.എ പ്രസിഡന്റ്, മറ്റു പി.ടി.എ ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി മാലിന്യം തിരിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. 25000 രൂപവരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും സെക്രട്ടറി സ്ഥലത്തെത്തിയാൽ തുക നിശ്ചയിച്ച് പിഴ ഈടാക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ജില്ലയിലെ ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്സായ പഴശ്ശി ജലസംഭരണിയുടെ കൈവഴിയായ പായം കല്ലിപ്പറമ്പിലെ തോട്ടിൽ വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയത്. പായം പഞ്ചായത്ത് അധികൃതർക്ക് കിട്ടിയ പരാതിയിൽ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. റീജ, ജെ.എച്ച്.ഐ അബ്ദുല്ല, സുമേഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ എടൂർ സെന്റ് മേരീസ് സ്കൂളിൽനിന്നുള്ള പാഴ് വസ്തുക്കളാണെന്ന് കണ്ടെത്തി.
പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മാലിന്യം. പ്ലാസ്റ്റിക് മാലിന്യം, ഓഫിസ് മാലിന്യം, ബാഗുകൾ, ഐസ്ക്രീം, ബിരിയാണി കണ്ടെയ്നറുകൾ, ഭക്ഷണ മാലിന്യം, തെർമോക്കോളുകൾ, കാർപറ്റ്, സ്കൂൾ യൂനിഫോം, സ്കൂൾ നോട്ടീസ് ബോർഡിൽ ഒട്ടിച്ച പോസ്റ്ററുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മാലിന്യമാണ് കണ്ടെത്തിയത്.