തിരുവനന്തപുരം: നേമത്ത് വീടുകൾക്ക് മുന്നിലെ ഇലക്ട്രിക് പോസ്റ്റുകളിൽ ചുവന്ന നിറത്തിലുള്ള അടയാളങ്ങൾ കണ്ടതിനെത്തുടർന്ന് മോഷ്ടാക്കളാണെന്ന് കരുതി പരിഭ്രാന്തരായ നാട്ടുകാർക്ക് ഒടുവിൽ ആശ്വാസം. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ ഇന്റർനെറ്റ് കമ്പനിയിലെ ജീവനക്കാരാണ് അടയാളമിട്ടതെന്ന് വ്യക്തമായി.(The 'red sign' that shook the people, Finally, the twist..)
കഴിഞ്ഞ ദിവസം പുലർച്ചെയാണ് നേമത്തെ ഇടറോഡുകളിലെ തൂണുകളിൽ വ്യാപകമായി ചുവപ്പ് അടയാളങ്ങൾ കണ്ടത്. സംശയം തോന്നിയ നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖംമൂടി ധരിച്ച സംഘം പോസ്റ്റുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളമിടുന്നത് കണ്ട് ഞെട്ടി.
വിവരമറിഞ്ഞെത്തിയ നേമം പോലീസ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. എന്നാൽ നാട്ടുകാർ ഭീതിയിലാണെന്ന വാർത്ത കണ്ടതോടെ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ ഹാജരായി. സ്വകാര്യ ഇന്റർനെറ്റ് കമ്പനിയുടെ ഫൈബർ നെറ്റ്വർക്ക് ജോലിക്കെത്തിയവരായിരുന്നു ഇവർ.
പുതിയ കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി വീടുകൾ തിരിച്ചറിയാനാണ് അടയാളമിട്ടത്. സ്പ്രേ പെയിന്റ് ഉപയോഗിക്കുമ്പോൾ ശ്വസിക്കാതിരിക്കാനാണ് മുഖംമൂടി ധരിച്ചത്.