തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രാഷ്ട്രീയ ഭേദമന്യേ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് കാലത്തെ സ്വർണ്ണക്കൈമാറ്റം രഹസ്യമായി നടന്നതല്ലെന്നും യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാനാണ് ഇപ്പോൾ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(The question is where is the gold, Ramesh Chennithala on Sabarimala gold theft case)
സ്വർണ്ണം എവിടെ പോയി എന്നതാണ് പ്രധാന ചോദ്യം. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. സ്വകാര്യ ആശുപത്രിയിൽ പോയി മൊഴിയെടുക്കാൻ പോലും തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് കാലത്ത് വാജിവാഹനം നൽകിയത് പരസ്യമായാണ്. ഇതിന് മറുപടി നൽകും. അന്വേഷണത്തിന് ആരും തടസ്സം നിൽക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കേരള കോൺഗ്രസ് എമ്മുമായി യാതൊരു മുന്നണി മാറ്റ ചർച്ചയും നടത്തിയിട്ടില്ല. ഒരു കക്ഷിയുടെയും പിന്നാലെ യുഡിഎഫ് പോയിട്ടില്ല. കേരള കോൺഗ്രസ് എം ഇല്ലാതെ തന്നെ പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ച വിജയം നേടിയിട്ടുണ്ട്.
എൽഡിഎഫ് വിട്ടുവരുന്നവർ 'വർഗ്ഗ വഞ്ചകർ' ആകുന്നതും കോൺഗ്രസ് വിട്ടുപോകുന്നവർക്ക് സി.പി.എം വലിയ പദവികൾ നൽകുന്നതും ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പരിഹസിച്ചു. യുഡിഎഫിലേക്ക് ആര് വരണമെന്ന് ആവശ്യപ്പെട്ടാലും അപ്പോൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നടത്തുന്ന ഗൃഹസന്ദർശനം വെറും രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് സി.പി.എമ്മിൽ തുടരാനാവാത്ത സാഹചര്യമാണ്. ജനങ്ങളെ പറ്റിക്കാനുള്ള ഇത്തരം പാഴ് വേലകൾ കൊണ്ട് ഫലമുണ്ടാകില്ലെന്നും എൽഡിഎഫിന് ഇനി തുടർഭരണം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.