
പാലക്കാട്: കോൺഗ്രസിലേക്കെന്ന വാർത്ത തള്ളി പി.കെ ശശി. 'സിപിഎമ്മിലുണ്ടോ?' എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സൈബർ ആക്രമണം നടത്തുന്നവരാണ് കോൺഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണം നടത്തുന്നത്. പാർട്ടിയിലേക്ക് വരണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ആഗ്രഹം ഉണ്ടാകാം. ആരോടും വ്യക്തിപരമായി കുടിപ്പകയില്ലെന്നും താൻ എന്നും സിപിഎമ്മാണെന്നും ശശി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പി.കെ ശശിയുടെ കുറിപ്പ്
"ചില ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോഗിച്ചു കൊണ്ട് കുറേ ശത്രുക്കളും സിപിഎമ്മിന് എതിരായാണ് ഞാൻ മണ്ണാർക്കാട് പ്രസംഗിച്ചത് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഞാൻ ഒരു വാക്കുപോലും എന്‍റെ പാർട്ടിക്കെതിരായോ എന്‍റെ പാർട്ടി നേതാക്കൾക്കെതിരായോ പറഞ്ഞിട്ടില്ല, ആ വേദിയിൽ എന്‍റെ പ്രസംഗം കേട്ടവർക്കറിയാം. മാത്രമല്ല, ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് തൊട്ടു മുമ്പ് 24 ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ സുവ്യക്തമായി ഞാൻ പറഞ്ഞിരുന്നു, എന്‍റെ രാഷ്ട്രീയ നിലപാട് രണ്ടു ദിവസം മുമ്പ് തിരുവനന്തപുരം മലയിൽ കീഴ് സംഘടിപ്പിച്ച രാഷ്ട്രീയ പൊതുസമ്മേളനത്തിൽ ഞാൻ പറഞ്ഞതാണ് എന്ന്. പിന്നെന്തിനാണ് നിങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് ഞാൻ ചോദിച്ചിരുന്നു.
രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ ഞാൻ നിലനിർത്തുമെന്നാണവിടെ പറഞ്ഞത്. പ്രത്യേകിച്ച് കഴിഞ്ഞ പത്തു മുപ്പത്തിയഞ്ചു കൊല്ലമായുള്ള മണ്ണാർക്കാട്ടെ സാധാരാണക്കാരായ തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ പ്രവർത്തകർ, ലയൺസ് റോട്ടറി ക്ലബുകൾ, കൃഷിക്കാർ, ഓട്ടോ തൊഴിലാളികൾ, വിദ്യാർഥി യുവജന പ്രവർത്തകർ എന്നിവരുമായുള്ള എന്റെ നാഭീനാള ബന്ധം മുറിച്ചു മാറ്റാൻ ഈ ലോകത്തൊരു ശക്തിയ്ക്കും കഴിയില്ല. മണ്ണാർക്കാട്ടെ ഈ മേഖലകളിലെല്ലാം എന്റെ സജീവമായ സാന്നിധ്യം ഉണ്ടാവുമെന്നാണ് യോഗത്തിൽ ഞാൻ പറഞ്ഞത്.
അഴിമതിക്കെതിരെയാണ് ഞാനവിടെ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും സോഷ്യൽ ഓഡിറ്റ് വേണമെന്നാണ് ഞാൻ പറഞ്ഞത്. എല്ലാ വർക്കുകളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. വിരോധമുള്ള ഒരാൾക്കെതിരെ വെറുതെ അഴിമതി ആരോപണമുന്നയിക്കുന്നത് ശരിയല്ല. അത് വ്യക്തമായി തെളിയിക്കപ്പെടണം. മാത്രവുമല്ല അഴിമതി ഉന്നയിക്കുന്നവൻ താൻ പരിശുദ്ധനാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തണം.
മാലിന്യ കൂമ്പാരത്തിൽ ഇറങ്ങിനിന്ന് കരയ്ക്കു നിൽക്കുന്നവന്‍റെ കുപ്പായത്തിൽ കറുത്ത കുത്തുണ്ടെന്ന് പറയുന്നത് അപഹാസ്യമാണ് എന്നാണ് ഞാനവിടെ പ്രസംഗിച്ചത്. ഒരു ചീഞ്ഞ സംസ്കാരം നമ്മുടെ നാട്ടിലുണ്ട്. ആരെന്ത് നല്ലതു ചെയ്താലും വിരോധമുള്ള രാഷ്ട്രീയക്കാർ അതിനെ കണ്ണടച്ച് എതിർക്കുക എന്നത് നമ്മുടെ ശീലമായിപ്പോയി. പിണറായി സർക്കാർ ഏതു നല്ല ആശയം മുന്നോട്ടുവച്ചാലും അതിനെ എതിർക്കുന്ന പ്രതിപക്ഷത്തെ നാം സ്ഥിരമായി കാണുന്നതാണല്ലോ. ആരു ചെയ്താലും, അത് യുഡിഎഫിന്‍റെ ഭരണ സമിതിയായാലും എൽഡിഎഫ് സർക്കാറായാലും ചെയ്യുന്ന കാര്യത്തെ അടിസ്ഥാനമാക്കിയാവണം വിമർശനം എന്ന പക്ഷക്കാരനാണ് ഞാൻ.
ഒന്നേ പറയാനുള്ളൂ... കൂലിയെഴുത്തുകാരായി സോഷ്യൽ മീഡിയയിൽ എഴുതി നിറയ്ക്കുന്നവരും തെറ്റിദ്ധരിപ്പിച്ച് വാർത്തയ്ക്ക് സാധ്യത തേടുന്നവരും ഇതെല്ലാം പൊതുസമൂഹം കാണുന്നുണ്ട് എന്നോർക്കുക. ഉറപ്പിച്ചു പറയാം. ഞാൻ ഇവിടെയുണ്ടാകും. ഇവിടത്തന്നെ."