ഇടുക്കി: മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങി എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ നാല് വർഷം മുൻപുള്ളതാണെന്നും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമില്ലെന്നും വനംവകുപ്പ് വിശദീകരിച്ചു.(The propaganda of tiger presence in Munnar is false, says forest department)
പ്രചരിക്കുന്ന വീഡിയോകൾ കേരളത്തിൽ നിന്നുള്ളതുപോലും അല്ലെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.2021-ൽ ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണ് കുണ്ടളയിലേതെന്ന പേരിൽ പ്രചരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കുണ്ടള പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യത്തിന് യാതൊരു സൂചനകളും കണ്ടെത്താനായില്ല. കടുവാ സാന്നിധ്യത്തെ ന്യായീകരിക്കുന്ന കാൽപ്പാടുകളോ മറ്റ് ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ലെന്നും വനംവകുപ്പ് ഉറപ്പിച്ചു പറയുന്നു.
മൂന്നാറിൽ കടുവ ഇറങ്ങിയിരുന്നു എന്നത് മുൻപ് വാസ്തവമാണെങ്കിലും, നിലവിലെ പ്രചാരണത്തിൽ പറയുന്ന ഇടങ്ങളിൽ കടുവയുടെ സാന്നിധ്യമില്ലെന്നാണ് വനംവകുപ്പിന്റെ വ്യക്തമായ വിശദീകരണം. അനാവശ്യമായി ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.