
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് ഗുണ്ടകളാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. സുരേഷ് കുമാറും സിയാദ് കോക്കറും അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളാണ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര ചോദിച്ചു. സൂക്ഷ്മ പരിശോധനയ്ക്കിടെ മാധ്യമങ്ങളെ അനുവദിച്ചതുതന്നെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
"എന്‍റെ ഇതുവരെയുള്ള സിനിമകള്‍ കാണാന്‍ പോലും വരാണാധികാരി തയ്യാറിയിരുന്നില്ല.അതിന് മുന്നേ എന്നെ തള്ളുന്നതായി പ്രഖ്യാപിച്ചു. ഇത് മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ നാടകമാണ്. ജനാധിപത്യമാര്‍ഗത്തില്‍ മത്സരിച്ച് എന്നെ തോല്‍പ്പിക്കുന്നതിന് പകരം അപമാനിക്കുകയാണ് ചെയ്തത്. തോല്‍ക്കുമെന്ന് അവര്‍ക്കറിയാം.അസോസിയേഷനിലെ മുഴുവന്‍ നിര്‍മാതാക്കള്‍ക്കും അവരോട് എതിരഭിപ്രായമാണ്. അത്രക്കും വലിയ അഴിമതിയാണ് അസോസിയേഷന്‍ ഉപയോഗിച്ച് അവര്‍ ചെയ്യുന്നത്." - സാന്ദ്രാ തോമസ് പറഞ്ഞു.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് നൽകിയ പത്രിക വരണാധികാരികൾ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായി നൽകിയ പത്രികയാണ് തള്ളിയത്. പത്രിക തള്ളിയിൽ സാന്ദ്ര പ്രതിഷേധിച്ചിരുന്നു. തുടർന്ന് വരണാധികാരികളുമായി വാക്കേറ്റമുണ്ടാകുകയും അവരുടെ നിലപാടിൽ പ്രതിഷേധിച്ച സാന്ദ്ര തോമസ് യോഗത്തിൽ ബഹളം വെക്കുകയും ചെയ്തിരുന്നു.