

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനം പദ്ധതിയിൽ ഒപ്പിട്ടതല്ല പ്രശ്നം, ഈ വിവരം ജനങ്ങളിൽ നിന്നും ഒളിച്ചുവെച്ചതാണ് പ്രശ്നമെന്ന് അദ്ദേഹം ആരോപിച്ചു. ഇത് സി.പി.എം.-ബി.ജെ.പി. ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് എം.പി. ഇടനില നിന്നതെന്നും അദ്ദേഹം ആരോപിച്ചു.(The problem is not that PM SHRI has been signed, it was hidden, says KC Venugopal)
സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾക്കായി യു.ഡി.എഫ്. എം.പിമാർ നിലകൊള്ളുമെന്നും എന്നാൽ ഡീലിന് കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർലമെൻ്റിൽ ഏത് വിഷയമാണ് യു.ഡി.എഫ്. എം.പിമാർ ഉന്നയിക്കാത്തതെന്ന് പറയാൻ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. മുഖ്യമന്ത്രി കള്ളം പറയരുതെന്നും, തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. "രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണെങ്കിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കേണ്ട കാര്യമുണ്ടായിരുന്നോ? മറ്റൊരു പാർട്ടിയും ചെയ്യാത്ത കടുത്ത നടപടിയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ചത്."
ഇത് സി.പി.എമ്മിന് ചിന്തിക്കാൻ പോലുമാവാത്ത നടപടിയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.