തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നതിനുള്ള സാധ്യതയുടെ വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജൻ്റീന നവംബറിൽ വന്നില്ലെങ്കിൽ മറ്റൊരിക്കൽ വരുമെന്നും, ലയണൽ മെസ്സി മാത്രമായി കേരളത്തിൽ കളിക്കാൻ തയ്യാറാണെന്നും എന്നാൽ അത് വേണ്ടെന്നുവെച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
"നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അർജൻ്റീനയുടെ വരവ് മുടക്കാൻ നോക്കി" എന്ന് മന്ത്രി ആരോപിച്ചു.ഈ നവംബറിൽ തന്നെ അർജൻ്റീന വരണമെന്നാണ് സർക്കാരിൻ്റെ ആവശ്യമെന്നും മെസ്സി കേരളത്തിൽ കളിക്കാൻ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഇപ്പോഴും ശ്രമം തുടരുന്നുണ്ട്.കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫയുടെ അനുമതികൾ വൈകിയതാണ് അർജൻ്റീന ടീമിൻ്റെ നവംബറിലെ വരവ് തടസ്സപ്പെടാൻ കാരണമായതെന്നും മന്ത്രി അറിയിച്ചു.