തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പോലീസ് ഹാജരാക്കിയ പല തെളിവുകളും വ്യാജമാണെന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ കാര്യത്തിൽ താൻ മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.(The picture with Pulsar Suni was photoshopped, Rahul Easwar supports Dileep)
ദിലീപും കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ഒരുമിച്ചുള്ളതായി വ്യാപകമായി പ്രചരിച്ച ഫോട്ടോ പോലീസ് ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ചതാണ്. ഇത്തരത്തിൽ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയാണ് ദിലീപിനെ കുടുക്കാൻ ശ്രമിച്ചത്. ദിലീപിനും അമ്മയും പെൺമക്കളും ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസിലെ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ദിലീപിനെ ഇപ്പോഴും വേട്ടയാടാൻ ശ്രമിക്കുന്നവർ ഇതിന് പിന്നിലുണ്ടെന്നും ഇത്തരക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ പോലീസും പ്രോസിക്യൂഷനും കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി. ജാമ്യം ലഭിക്കേണ്ട ഘട്ടത്തിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാണ് തന്നെ 16 ദിവസം തടവിൽ നിർത്തിയത്. ഈ അനീതിയെക്കുറിച്ച് അന്വേഷണം വേണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
സ്ത്രീപക്ഷ നിലപാടുകൾ സ്വീകരിക്കുമ്പോൾ തന്നെ പുരുഷന്മാരെ മനഃപൂർവ്വം വേട്ടയാടുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ ഇപ്പോഴും തുടരുന്ന വേട്ടയാടൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.