പോക്കറ്റടി രാജാവും പരിവാരങ്ങളും പിടിയിൽ; വിവിധ സംഘങ്ങൾക്ക് പരിശീലനവും നൽകിയിരുന്നു | pickpocket

എങ്ങനെ പോക്കറ്റടിക്കാം, ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ സ്ഥലത്തുനിന്ന് രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.
Pickpoket
Published on

കോഴിക്കോട്: ആഘോഷവേളകളിൽ നഗരത്തിലെത്തി ബസിലും തിരക്കുള്ള റോഡിലും കവർച്ചയും പോക്കറ്റടിയും നടത്തുന്ന സംഘത്തിലെ സൂത്രധാരൻ പിടിയിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശി ഒ.പി.ഷമീർ (47) ആണ് പിടിയിലായത്. കേരളത്തിലെ പോക്കറ്റടി സംഘത്തിന്റെ രാജാവാണ് ഇയാളെന്ന് പൊലീസ് പറയുന്നു. പോക്കറ്റടി നടത്തുന്നതിനൊപ്പം വിവിധ സംഘങ്ങൾക്ക് വർഷങ്ങളായി പരിശീലനവും നൽകാറുണ്ട്. എങ്ങനെ പോക്കറ്റടിക്കാം, ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ സ്ഥലത്തുനിന്ന് രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളാണ് ഷമീർ പഠിപ്പിക്കുന്നത്. ഇത്തരത്തിൽ വലിയ ‘ശിഷ്യഗണത്തിന്റെ’ ഉടമയാണ് ഷമീർ എന്നും പൊലീസ് പറയുന്നു.

എറണാകുളം പള്ളുരുത്തി സ്വദേശി പിഡി റോഡ് പാലക്കൽ പി.വി.ജോയ് നിസാർ (67), തോട്ടുമുക്കം ചുണ്ടൻകുന്നൻ വീട്ടിൽ സി.കെ.ഹുസൈൻ (59), പുൽപള്ളി ആനപ്പാറ വാക്കയിൽ വി.എസ്.ബിനോയ് (50) എന്നിവരെയാണ് ഷമീറിനൊപ്പം നടക്കാവ് പൊലീസ് നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 20,000 രൂപയും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം ജില്ലാ ട്രഷറിയിൽ നിന്നു പെൻഷൻ വാങ്ങി വീട്ടിലേക്കു പോകാൻ ബസിൽ കയറിയ എരഞ്ഞിക്കൽ സ്വദേശിയും റിട്ടയേർഡ് എസ്ഐയുമായ വി.വി.ചന്ദ്രന്റെ ബാഗിൽ നിന്ന് പണം കവർന്ന പരാതിയിൽ അന്വേഷണം നടത്തവെയാണു പ്രതികൾ പൊലീസിന്റെ പിടിയിലായത്.

രാവിലെ 11.20 ന് സിവിൽ സ്റ്റേഷനിൽ നിന്നു ബസിൽ കയറി മലയാള മനോരമ ജംക്‌ഷനിൽ ഇറങ്ങിയപ്പോൾ പണം നഷ്ടപ്പെട്ടതായി അറിഞ്ഞു. തുടർന്ന് നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. യാത്രയ്ക്കിടയിൽ ബസിൽ തിരക്കുണ്ടാക്കിയ ഒരാളുടെ മുഖം തിരിച്ചറിയാമെന്നു പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Related Stories

No stories found.
Times Kerala
timeskerala.com