
കൊച്ചി: ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സെൻസർ ബോർഡിന്റെ പ്രശ്നം എന്താണെന്ന് സജി ചെറിയാൻ ചോദിച്ചു. ബിജെപി നേതാവിന്റെ സിനിമക്കാണ് ‘ജാനകി’ എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചതെന്നും, അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏതെല്ലാം ദൈവങ്ങളുടെ പേരിൽ നമ്മുടെ നാട്ടിൽ സിനിമകൾ വന്നിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാൻ കഴിയാത്ത സാഹചര്യമാണെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിഷേധം ഉണ്ടാകണമെന്നും, സർക്കാർ സിനിമ സംഘടനകൾക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. സമാനമായ പേരുകളിൽ ഇതിന് മുമ്പും സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സെൻസർബോർഡ് നടപടിക്കെതിരെ ചിത്രത്തിന്റെ നിമാതാക്കൾ നൽകിയ പരാതി ഹൈക്കോടതി പരിഗണിച്ചത്.
ഹൈക്കോടതിയുടെ ചോദ്യത്തിന് ‘ജാനകി’ എന്നത് മതപരമായ പേരായതിനാലാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നായിരുന്നു സെൻസർ ബോർഡിന്റെ വിശദീകരണം. സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി സിനിമ വീണ്ടും കണ്ട് ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും പേരിലെ ‘ജാനകി’ മാറ്റണമെന്ന് ആവർത്തിച്ചിരുന്നു. ഇതോടെ, ജൂൺ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, ചിത്രത്തിന്റെ പേര് മാറ്റൽ വിവാദത്തില്‍ സിനിമ സംഘടനായ ഫെഫ്കയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്താനാണ് ഫെഫ്കയുടെ തീരുമാനം.