

കൊച്ചി: വെള്ളി വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ വർഷമാണ് കടന്നുപോയതെന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ മോത്തിലാൽ ഓസ്‌വാൾ പുറത്തിറക്കിയ 'കമ്മോഡിറ്റീസ് ഇൻസൈറ്റ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള വിപണിയിൽ വെള്ളിയുടെ വില ഔൺസിന് 75 ഡോളർ കടന്നു. ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 2.3 ലക്ഷം രൂപയെന്ന റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 160 ശതമാനത്തിലധികം ലാഭമാണ് വെള്ളി നിക്ഷേപകർക്ക് കരസ്ഥമാക്കാനായത്. ആഗോള ആവശ്യകതയ്ക്ക് അനുസരിച്ച് സ്റ്റോക്ക് ഇല്ലാത്തതാണ് വെള്ളി വിലയുടെ വർധനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വെള്ളിയുടെ പ്രധാന ഉപഭോക്താക്കളായ ചൈനയുടെ വെള്ളി ശേഖരം കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജനുവരി മുതൽ ചൈന പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ നടപ്പാക്കുന്നതോടെ, വെള്ളിയുടെ ആഗോള ലഭ്യത വീണ്ടും കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഘടനാപരമായ മാറ്റത്തിലൂടെയാണ് വെള്ളി വിപണി കടന്നുപോകുന്നതെന്നും വിതരണത്തിലെ കുറവും ആവശ്യകതയിലെ വർദ്ധനവും തമ്മിലുള്ള അന്തരമാണ് വിലക്കയറ്റത്തിന് കാരണമെന്നും മോത്തിലാൽ ഓസ്‌വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം തലവൻ നവനീത് ദമാനി പറഞ്ഞു. (Silver price)