

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിൽ എംപി. പരാതി ലഭിക്കുന്നതിനു മുമ്പുതന്നെ പാർട്ടി ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചിരുന്നതായി ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.(The party's decision is my decision, Shafi Parambil MP reacts to Rahul Mamkootathil issue)
പാർട്ടിയുടെ തീരുമാനമാണ് തന്റേതും എന്ന നിലപാടിലാണ് ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിലുമായി തനിക്കുള്ള അടുപ്പവും ഈ വിഷയത്തിലെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "എന്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസ്സിലാകും," അദ്ദേഹം വ്യക്തമാക്കി.
"പാർട്ടിയുടെ തീരുമാനമാണ് എൻ്റെയും തീരുമാനം. കൂടുതൽ നടപടിയെക്കുറിച്ച് പാർട്ടി പ്രസിഡൻ്റ് പറയും. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അതും പാർട്ടി ചെയ്യും. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആകാൻ വരെ കൂടെ നിന്നയാളാണ് ഞാൻ." ഷാഫി പറഞ്ഞു.കോൺഗ്രസ് സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് പറഞ്ഞ ഷാഫി പറമ്പിൽ, സി.പി.എമ്മിന്റെ സമീപനത്തെ വിമർശിക്കുകയും ചെയ്തു. "ശബരിമല അഴിമതിയിൽ സി.പി.എം നടപടി എടുത്തില്ല. എന്നാൽ കോൺഗ്രസിന്റെ നടപടി മാതൃകാപരമാണ്. പാർട്ടി കമ്മിറ്റി വെച്ച് തീവ്രത അളന്നിട്ടില്ല," എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം ചോദ്യമുന്നയിച്ചു. "മുഖ്യമന്ത്രിയോട് അവസാനമായി ചോദ്യം ചോദിച്ചത് എന്നാണ്?" എന്നും ഷാഫി ചോദിച്ചു.