പുതുതലമുറയെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റും -മന്ത്രി പി എ മുഹമ്മദ് റിയാസ്

പുതുതലമുറയെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റും -മന്ത്രി പി എ മുഹമ്മദ് റിയാസ്
Published on

പുതിയ തലമുറയിലെ കുട്ടികളെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പിന്റെയും ഡിടിപിസിയുടെയും നേതൃത്വത്തില്‍ ഫറോക്ക് ചുങ്കം ബഷീര്‍ പാര്‍ക്കില്‍ നടന്ന ഡെസ്റ്റിനേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിവേഗം വളരുന്ന ടൂറിസം മേഖലയെ കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ നടത്തണമെന്നും പഠനത്തോടൊപ്പം ടൂറിസം മേഖലയിലെ അഭിരുചികള്‍ മുറുകെപിടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം ക്ലബ് ജില്ലയില്‍ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളടങ്ങിയ 'മിഷന്‍ 2025' കലണ്ടറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ടൂറിസം പ്രചാരകരായി മാറിയ ടൂറിസം ക്ലബുകളെയും മന്ത്രി അഭിനന്ദിച്ചു.

വിവിധ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം ക്ലബിലെ 70 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, ടൂറിസം ക്ലബ് സംസ്ഥാന കണ്‍വീനര്‍ എസ് കെ സജീഷ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ടൂറിസം ക്ലബ് സംസ്ഥാന കോഓഡിനേറ്റര്‍ പി സച്ചിന്‍, ജില്ലാ കോഓഡിനേറ്റര്‍ പി സോനു രാജ് എന്നിവര്‍ സംസാരിച്ചു.

ടൂറിസം വകുപ്പ് രൂപീകരിച്ച 'കേരള ടൂറിസം ക്ലബ്' സംസ്ഥാനത്തെ 563 കോളേജുകളിലാണ് പ്രവര്‍ത്തിക്കുന്നത്. 20,000ത്തിലധികം വിദ്യാര്‍ഥികള്‍ ക്ലബില്‍ അംഗങ്ങളായുണ്ട്. ടൂറിസം വികസനത്തില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക, ടൂറിസത്തിന്റെ വികസനസാധ്യതകളിലേക്ക് യുവതയുടെ ശ്രദ്ധയാകര്‍ഷിക്കുക, ടൂറിസം മേഖലയില്‍ വിദ്യാര്‍ഥികളുടെ അറിവ് വര്‍ധിപ്പിക്കുക, ടൂറിസം മേഖലയുടെ സാധ്യതകളിലൂടെ പുതുതൊഴില്‍-സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കുക, വിവിധ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ടൂറിസം ഡസ്റ്റിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com