
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം അടക്കമുള്ള തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സൺ ഏജ് എക്കോ സിസ്റ്റം എന്ന കമ്പനിക്ക് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും നഗരസഭ അംഗീകാരം നൽകിയിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൺ ഏജ് എക്കോ സിസ്റ്റം എന്ന കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് എം.വിൻസെന്റ്, സണ്ണി ജോസഫ് എന്നിവരെ മന്ത്രി രേഖാമൂലം അറിയിച്ചു. (MB Rajesh)
നിയമാനുസൃതം ടെണ്ടർ ക്ഷണിച്ച് നഗരസഭാ കൗൺസിൽ തീരുമാനത്തിന് വിധേയമായാണ് സൺ ഏജ് എക്കോ സിസ്റ്റംസ് എന്ന സ്ഥാപനത്തിന് അജൈവമാലിന്യം ശേഖരിക്കുന്നതിന് അനുമതി നൽകിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഗോഡൗൺ സൗകര്യവും മലിനീകരണം നിയന്ത്രണ ബോർഡിന്റെ അനുമതി, ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളുടെ ലഭ്യത എന്നിവ കണക്കിലെടുത്താണ് സ്ഥാപനവുമായി മാലിന്യ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള കരാറിൽ നഗരസഭ ഒപ്പിട്ടത്.