
തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ വ്യക്തമാക്കിയത്.
തമിഴ്നാട് വൈദ്യുതി വകുപ്പിൽ എഞ്ചിനിയർ ആയ പിറവന്തൂർ സ്വദേശി ബാബുവിൻ്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. നാഗർകോവിൽ സ്വദേശി കാർത്തികുമായി കഴിഞ്ഞ ഏപ്രിലിലാണ് വിവാഹം കഴിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാർത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നൽകിയിരുന്നു. സ്തീധനം കുറഞ്ഞതായി കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു.