
ശർക്കരയ്ക്കുപകരം പഞ്ചസാരയും തേങ്ങാപ്പാലിനുപകരം പശുവിൻപാലും ചേർത്തുണ്ടാക്കുന്ന വിഭവമാണ് പാലടപ്രഥമൻ. അടപ്രഥമനുപയോഗിക്കുന്ന അടയേക്കാൾ കട്ടിയും വലിപ്പവും കുറഞ്ഞ അടയാണ് പാലട പ്രഥമനുപയോഗിക്കുന്നത്. ഇന്ന് ഏറ്റവുമധികം ജനപ്രിയമായ പായസമായി പാലടപ്രഥൻ മാറിയിട്ടുണ്ട്. ഇലയിൽ ഒഴിച്ചാൽ ഒഴുകിപ്പോകാത്ത പാകത്തിനാണ് പ്രഥമൻ തയ്യാറാക്കേണ്ടത്.
ആവശ്യമായവ
അട - 250 ഗ്രാം
പഞ്ചസാര - 500 ഗ്രാം
ഏലയ്ക്കാ പൊടി - 5 ഗ്രാം
ജീരകം പൊടിച്ചത് - 5 ഗ്രാം
പാൽ - ഒന്നര ലീറ്റർ
നെയ്യ് - 50 ഗ്രാം
കശുവണ്ടി, ഉണക്കമുന്തിരി - 100 ഗ്രാം
പാകം ചെയ്യുന്ന വിധം
ഒരു ലിറ്റർ വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അട ഇടുക. തീ അണച്ച് 30 മിനുട്ട് അടച്ചു വയ്ക്കുക. അതിനുശേഷം പാൽ ഒഴിച്ചു കുറുകി വരുമ്പോൾ പഞ്ചസാര ഇടുക. ഏലയ്ക്ക പൊടിയും ജീരകപൊടിയും നെയ്യും ചേർക്കുക. നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ഇതിലേക്ക് ചേർത്ത് ഇളക്കി പായസം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം.