

തൃശൂർ: കലാമണ്ഡലത്തിലെ കൂട്ട പിരിച്ചുവിടൽ നടപടി റദ്ദാക്കും. 121 പേരേ പിരിച്ചുവിട്ട നടപടി റദ്ദാക്കുമെന്ന് വിസി ഡോ. അനന്തകൃഷ്ണൻ അറിയിച്ചു. (Kerala Kalamandalam)
സർക്കാർ ഇടപെടലിനെ തുടർന്നാണ് പിരിച്ചുവിടൽ നടപടി റദ്ദാക്കുന്നത്. കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി വിസി അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിന്നാലെ പ്രതിഷേധവും ശക്തമായിരുന്നു.
ഉത്തരവ് പിൻവലിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ കലാമണ്ഡലം വിസിയോട് ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കുമെന്ന് മന്ത്രിക്ക് വിസി ഉറപ്പു നൽകിയതായാണ് വിവരം. പിരിച്ചുവിട്ട ജീവനക്കാർക്ക് ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.