
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : കടലുണ്ടിപ്പുഴയിൽ കുഴിപ്പുറം പാലത്തിൻ്റെ പൈൽ ക്യാപ്പിൽ അപകടകരമായ സ്ഥലത്ത് കയറി നിന്ന മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇതര സംസ്ഥാനക്കാരനായ യുവാവിനെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് പുഴയുടെ ഏറെ ആഴമുള്ള ഭാഗത്ത് പാലത്തിനടിയിൽ മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന അജ്ഞാതൻ കയറി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ കെ അഭിലാഷ്. മുഹമ്മദ് ഷഫീഖ് ഹോം ഗാർഡ് വേണുഗോപാലൻ എന്നിവരും നാട്ടുകാരിൽ ഒരാളും വെള്ളത്തിലിറങ്ങി യുവാവിൻ്റെ അടുത്തെത്തി അനുനയിപ്പിച്ച് റസ്ക്യു നെറ്റിൽ കയറ്റി പാലത്തിന് മുകളിൽ എത്തിക്കുകയാണുണ്ടായത്. തമിഴ് നാട്ടുകാരനെന്ന് സംശയിക്കുന്ന യുവാവ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് കൊണ്ട് പേരും വിലാസവും ലഭ്യമായിട്ടില്ല.മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൾ സലിം സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഇ.എം. അബ്ദു റഫീഖ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.