
സദ്യ പൂർണമാകണമെങ്കിൽ സാമ്പാർ കൂടിയേ തീരൂ. ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ വിഭവമാണു സാമ്പാർ. ഈ ഓണത്തിന് സാമ്പാർ ഉണ്ടാക്കാം.
ആവശ്യമായവ
തുവരപരിപ്പ് – കാൽ കിലോ
വെണ്ടയ്ക്ക – 4 എണ്ണം
മുരിങ്ങയ്ക്ക – 1
തക്കാളി – 3 എണ്ണം
കിഴങ്ങ് – 3 എണ്ണം
കത്രിക്ക – 2 എണ്ണം
മത്തങ്ങ – ഒരു കഷണം (100 ഗ്രാം)
കുമ്പളങ്ങ – ഒരു കഷണം (100 ഗ്രാം)
ചേമ്പിൻ വിത്ത് – 2 എണ്ണം
പടവലങ്ങ – ഒരു കഷണം (100 ഗ്രാം)
ചെറിയ ഉള്ളി – ഒരു കപ്പ്
പച്ചമുളക് – 3 എണ്ണം
വറ്റൽ മുളക് – 4 എണ്ണം
കൊത്തമല്ലി – ചെറിയ ഒരു പിടി
ഉലുവ – അര ടീസ്പൂൺ
മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ
കായപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
കറിവേപ്പില – അര കപ്പ്
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
പാകം ചെയ്യുന്ന വിധം
പരിപ്പു കഴുകി അതിൽ ചെറിയ ഉള്ളി തൊലി കളഞ്ഞതും പച്ചമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിക്കുക. തക്കാളി, മുരിങ്ങയ്ക്ക, കിഴങ്ങ്, കത്രിക്ക, കുമ്പളങ്ങ ചേമ്പിൻവിത്ത്, മത്തങ്ങ, പടവലങ്ങ, വെണ്ടയ്ക്ക ഇവ വൃത്തിയാക്കി ആവശ്യത്തിന് വലിപ്പമുള്ള ചതുര കഷണങ്ങളായി മുറിക്കുക. പരിപ്പു വേവുമ്പോൾ കഷണങ്ങൾ കഴുകി അതിലിട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് വേവിക്കുക.
ഒരു പാത്രത്തിൽ അൽപം എണ്ണയൊഴിച്ച് വറ്റൽമുളകും ഉലുവയും കൊത്തമല്ലിയും കൂടി വറക്കുക. മൂക്കുമ്പോൾ എടുത്ത് നന്നായി പൊടിച്ചു വെക്കുക. വാളൻപുളി ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത് അരിച്ചു വെക്കുക. സാമ്പാർ കഷണങ്ങൾ പകുതി വേവ് ആകുമ്പോൾ പുളി വെള്ളം ഒഴിക്കുക. അത് തിളക്കുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന കൂട്ട് ചേർത്തിളക്കണം. കഷണങ്ങൾ ആവശ്യത്തിന് വെന്ത് പരുവമാകുമ്പോൾ ഇറക്കാം.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയതിനുശേഷം അൽപം ഉലുവയും രണ്ടു കഷണം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും രണ്ട് വറ്റൽമുളക് മുറിച്ചതും ബാക്കി കറിവേപ്പിലയും കൂടിയിട്ട് മൂപ്പിച്ച് സാമ്പാറിലേക്ക് ചേർക്കുക.