തിരുവനന്തപുരം: ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അലൻ (18) കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. ജഗതി സ്വദേശിയായ ജോബി (20) ആണ് അലനെ കുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് തിരച്ചിൽ ഊർജിതമാക്കി.(The main accused in the Alan murder case, has been identified)
തിങ്കളാഴ്ച തൈക്കാട് വെച്ച് നടന്ന സംഘർഷത്തിനിടെയാണ് അരിസ്റ്റോ ജങ്ഷൻ തോപ്പിൽ ഡി-47-ൽ മഞ്ജുവിൻ്റെ മകൻ അലന് നെഞ്ചിൽ കുത്തേറ്റത്.
ഒളിവിൽപ്പോയ ജോബിക്കെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജോബി ഉൾപ്പെടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികളാണ് ഒളിവിലുള്ളത്. അലനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയടക്കമുള്ളവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. പ്രതികൾ നഗരത്തിൽത്തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഷാഡോ പോലീസിനെ ഉൾപ്പെടെ നിയോഗിച്ച് തിരച്ചിൽ വ്യാപിപ്പിച്ചു.
ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് രാജാജി നഗറിലെ കൗമാരക്കാരും സ്കൂൾ വിദ്യാർഥികളും തമ്മിൽ സ്ഥിരമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഈ തർക്കത്തിൽപ്പെട്ട ഒരു 16-കാരനായ വിദ്യാർഥിയാണ് പുറത്തുനിന്നുള്ള ക്രിമിനൽ സംഘത്തെ ഇടപെടീക്കാൻ വിളിച്ചുവരുത്തിയതെന്ന് പോലീസ് പറയുന്നു.
തർക്കം പരിഹരിക്കാൻ എന്ന പേരിലാണ് ഈ വിദ്യാർഥി അലനെ തൈക്കാട് എത്തിച്ചത്. ഇവിടെ വെച്ച് നടന്ന സംഘട്ടനത്തിനിടെ അലനെ ഹെൽമെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷമാണ് കുത്തിയത്. വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്ക് ആയുധം തറച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട ആറും ഏഴും പ്രതികളായ രണ്ടുപേരെ കന്റോൺമെന്റ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തിട്ടുണ്ട്. സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണിത്. കേസിൽപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബുധനാഴ്ച ജുവനൈൽ കോടതിയിൽ ഹാജരാക്കി.